18 രാജ്യങ്ങൾ, 70 ദിവസം… ഡൽഹി – ലണ്ടൻ റൂട്ടിൽ ബസ് ട്രിപ്പ് വരുന്നു….

വർഷങ്ങൾക്ക് മുൻപ് ലണ്ടനിൽ നിന്നും ഇന്ത്യയിലെ കൽക്കട്ടയിലേക്ക് ഒരു ബസ് സർവ്വീസ് ഉണ്ടായിരുന്നുവെന്ന വാർത്ത വൈറലായത് മാസങ്ങൾക്ക് മുൻപാണ്. അന്ന് ധാരാളമാളുകൾ ഇങ്ങനെയൊരു ബസ് യാത്ര ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചതുമാണ്. ഈയടുത്തൊന്നും സാധ്യമാകില്ല എന്നു കരുതിയ ആ യാത്ര ഇപ്പോഴിതാ യാഥാർഥ്യമാകുവാൻ പോകുകയാണ്. ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമാക്കി പ്രവർത്തിക്കുക അഡ്വഞ്ചെഴ്സ് ഓവര്‍ലാന്‍ഡ് എന്ന ഒരു ടൂറിസ്റ്റ് കമ്പനിയാണ് സഞ്ചാരികളെയാകെ കോരിത്തരിപ്പിച്ച ആ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. “ഇന്ത്യയിൽ നിന്നും ലണ്ടനിലേക്ക് ഒരു ബസ് സർവ്വീസ്…” ബസ് റ്റു […] The post 18 രാജ്യങ്ങൾ, 70 ദിവസം… ഡൽഹി – ലണ്ടൻ റൂട്ടിൽ ബസ് ട്രിപ്പ് വരുന്നു…. appeared first on Technology & Travel Blog from India.

18 രാജ്യങ്ങൾ, 70 ദിവസം… ഡൽഹി – ലണ്ടൻ റൂട്ടിൽ ബസ് ട്രിപ്പ് വരുന്നു….

വർഷങ്ങൾക്ക് മുൻപ് ലണ്ടനിൽ നിന്നും ഇന്ത്യയിലെ കൽക്കട്ടയിലേക്ക് ഒരു ബസ് സർവ്വീസ് ഉണ്ടായിരുന്നുവെന്ന വാർത്ത വൈറലായത് മാസങ്ങൾക്ക് മുൻപാണ്. അന്ന് ധാരാളമാളുകൾ ഇങ്ങനെയൊരു ബസ് യാത്ര ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചതുമാണ്. ഈയടുത്തൊന്നും സാധ്യമാകില്ല എന്നു കരുതിയ ആ യാത്ര ഇപ്പോഴിതാ യാഥാർഥ്യമാകുവാൻ പോകുകയാണ്.

ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമാക്കി പ്രവർത്തിക്കുക അഡ്വഞ്ചെഴ്സ് ഓവര്‍ലാന്‍ഡ് എന്ന ഒരു ടൂറിസ്റ്റ് കമ്പനിയാണ് സഞ്ചാരികളെയാകെ കോരിത്തരിപ്പിച്ച ആ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. “ഇന്ത്യയിൽ നിന്നും ലണ്ടനിലേക്ക് ഒരു ബസ് സർവ്വീസ്…” ബസ് റ്റു ലണ്ടൻ എന്നു പേരിട്ടിരിക്കുന്ന ഈ ടൂർ പാക്കേജ് ആണിത്. രണ്ടു ഭൂഖണ്ഡങ്ങളിലായി 18 രാജ്യങ്ങളിലൂടെ 20,000 ത്തോളം കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ഈ ബസ് തൻ്റെ ഒരു വശത്തേക്കുള്ള ട്രിപ്പ് പൂർത്തിയാക്കുന്നത്. ഇതിനു എടുക്കുന്നതാകട്ടെ 70 ദിവസവും.

ഇന്ത്യയിലെ ഡൽഹിയിൽ നിന്നുമാരംഭിക്കുന്ന ബസ് യാത്ര മ്യാന്മർ, തായ്‌ലൻഡ്, ലാവോസ്, ചൈന, കിർഗിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, റഷ്യ, ലാത്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, ജർമ്മനി, നെതർലാൻഡ്, ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് യു.കെ.യിലെ ലണ്ടനിൽ എത്തിച്ചേരുക.

ലോകത്തിലെ തന്നെ ദൈർഘ്യമേറിയ ബസ് യാത്രകളിൽ ഒന്നായതിനാൽ, അതിനു യോജിച്ചതും സഞ്ചാരികൾക്ക് യാത്രാസുഖം നൽകുന്നതുമായ ബസ് ആയിരിക്കും യാത്രയ്ക്കായി ഉപയോഗിക്കുക. ബസ്സിലെ സീറ്റുകൾ 2×1 എന്ന സീറ്റിംഗ് ക്രമത്തിലുള്ളതായിരിക്കും. ഓരോ സീറ്റിനും പ്രത്യേകം എന്റർടൈൻമെന്റ് സിസ്റ്റം, ചാർജ്ജിംഗ് പോയിന്റ്, ഫോൾഡബിൾ ഫുഡ് ട്രേ, പ്രൈവറ്റ് ലോക്കർ എന്നിവയുണ്ടായിരിക്കും. യാത്രക്കാർക്ക് സ്വകാര്യത കൈവരുന്ന വിധത്തിലായിരിക്കും സീറ്റുകൾ ക്രമീകരിച്ചിട്ടുണ്ടാകുക.

ബസ്സിനൊപ്പം ഡ്രൈവർമാർ, ഹെൽപ്പർ, ഗൈഡ് തുടങ്ങിയവർ യാത്രക്കാരെ സഹായിക്കുവാനായി സദാ സജ്ജരായിരിക്കും. ഒരു ബസ്സിൽ 20 യാത്രക്കാർക്ക് മാത്രമായിരിക്കും യാത്ര അനുവദിക്കുക.

ഇനി ഈ ട്രിപ്പിലെ യാത്രക്കാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം. ഡൽഹിയിൽ നിന്നും ലണ്ടനിലേക്കുള്ള ഫുൾ യാത്രയ്ക്ക് ഒരാൾക്ക് 15 ലക്ഷം രൂപയാണ് ചാർജ്ജ്. കടന്നു പോകുന്ന രാജ്യങ്ങളിലെ വിസ ചാർജ്ജുകൾ പാക്കേജ് തുകയിൽ ഉൾപ്പെട്ടിട്ടുള്ളതാണ്. ഇമിഗ്രെഷൻ – കസ്റ്റംസ് ക്ലിയറൻസ്, ഇന്നർലൈൻ പെർമിറ്റുകൾ, മിനിസ്ട്രി അപ്പ്രൂവലുകൾ എന്നിവ ടൂർ കമ്പനി തന്നെ ശരിയാക്കുന്നതാണ്. പോകുന്ന സ്ഥലങ്ങളിലെ സൈറ്റ് സീയിങ്, വാക്കിംഗ് ടൂറുകൾ എന്നിവ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സഞ്ചാരികൾക്ക് യാത്രയ്ക്കിടയിൽ റൂം ഷെയറിംഗ് അടിസ്ഥാനത്തിൽ ഹോട്ടലുകളിൽ താമസം, ഭക്ഷണം എന്നിവ ലഭ്യമായിരിക്കും.

ഫസ്റ്റ് എയ്‌ഡ്‌ കിറ്റ്, അത്യാവശ്യം വേണ്ട മരുന്നുകൾ മുതലായവ ബസ്സിൽ സജ്ജീകരിച്ചിട്ടുണ്ടാകും. എന്തെങ്കിലും പ്രത്യേകതരം മരുന്നുകൾ കഴിക്കുന്നവരുണ്ടെങ്കിൽ യാത്രയ്ക്ക് വരുമ്പോൾ അവ ആവശ്യത്തിനു കൂടെ കരുതേണ്ടതാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ യാത്രയ്ക്ക് മുൻപായി ടെസ്റ്റുകളും മറ്റും നടത്തേണ്ടിയും വരാം.

യാത്രക്കാർ തങ്ങളുടെ കൈയിൽ നിന്നും ചെലവാക്കേണ്ടി വരുന്നവ – ടൂർ മെനുവിൽ ഇല്ലാത്ത ഭക്ഷണം, മദ്യം, ട്രാവൽ ഇൻഷുറൻസ്, മെഡിക്കൽ ചെലവുകൾ, പല സ്ഥലങ്ങളിലുള്ള ക്യാമറ ഫീസ്, പലയാളുകൾക്കും നൽകേണ്ടി വരുന്ന ടിപ്പുകൾ, 5% GST എന്നിവയൊക്കെയാണ്.

70 ദിവസത്തെ പാക്കേജിൽ മുഴുവൻ ദിവസവും യാത്ര മാത്രമായിരിക്കില്ല. ഇതിനിടയിൽ വിശ്രമത്തിനായുള്ള ദിവസങ്ങളും ഉണ്ടായിരിക്കും. ബസ് ലണ്ടനിൽ എത്തിയാൽ അവിടെ നിന്നുള്ള മടക്ക യാത്രയും ഇതുപോലെത്തന്നെ ആയിരിക്കും. മടക്കയാത്രയും ആവശ്യമാണെങ്കിൽ 15 ലക്ഷം അതിനും മുടക്കേണ്ടി വരും. രണ്ടു വശത്തേക്കും ബസ്സിൽത്തന്നെ യാത്ര ചെയ്യാൻ എന്തായാലും സഞ്ചാരികൾ തയ്യാറാകുമെന്നു തോന്നുന്നില്ല.

2021 മെയ് മാസത്തിലായിരിക്കും ട്രിപ്പ് ആരംഭിക്കുകയെന്നാണ് ടൂർ കമ്പനി പറയുന്നത്. ഡൽഹി – ലണ്ടൻ ബസ് യാത്രയുടെ കൂടുതൽ വിവരങ്ങൾക്ക് അവരുടെ വെബ്‌സൈറ്റ് സന്ദർശിക്കുക – https://bit.ly/2ErSAU6. കൈയിൽ കാശുണ്ടോ? 70 ദിവസം ബസ്സിൽ അടിച്ചു പൊളിച്ചു 18 രാജ്യങ്ങളും കണ്ടു വരാം. ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും മികച്ച അനുഭവമായിരിക്കും അത്.

The post 18 രാജ്യങ്ങൾ, 70 ദിവസം… ഡൽഹി – ലണ്ടൻ റൂട്ടിൽ ബസ് ട്രിപ്പ് വരുന്നു…. appeared first on Technology & Travel Blog from India.