മഴയും മഞ്ഞും നിറഞ്ഞ വയനാട്ടിലെ ലക്കിടിയിലേക്ക് ഫോർഡ് എൻഡവറിൽ…
കൊറോണ വന്നതുമൂലം നമ്മളെല്ലാം നന്നായി ബുദ്ധിമുട്ടിലായിരിക്കുന്ന സമയമായിരുന്നു, പ്രത്യേകിച്ച് മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ. സ്ഥിരമായി യാത്രകൾ പോയിരുന്ന ഞാനടക്കമുള്ളവർ കുറച്ചു നാളത്തേക്ക് വീടിനുള്ളിൽ ഒതുങ്ങിക്കൂടി. ഒടുവിൽ സുരക്ഷിതമായി യാത്രകൾ പോകാം എന്ന അവസ്ഥ വന്നപ്പോളാണ് നമ്മളൊക്കെ പുറത്തേക്ക് ഇറങ്ങിത്തുടങ്ങിയത്. അങ്ങനെ ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം ഞാൻ വയനാട്ടിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്തു. എന്നോടൊപ്പം നമ്മുടെ ചങ്ക് ബ്രോ എമിലും ചേർന്നു. കൂടാതെ കൈരളി ഫോർഡ് ടെസ്റ്റ് ഡ്രൈവിനായി നൽകിയ ഫോർഡ് എന്ഡവരും കൂടെയുണ്ട്. അങ്ങനെ […] The post മഴയും മഞ്ഞും നിറഞ്ഞ വയനാട്ടിലെ ലക്കിടിയിലേക്ക് ഫോർഡ് എൻഡവറിൽ… appeared first on Technology & Travel Blog from India.

കൊറോണ വന്നതുമൂലം നമ്മളെല്ലാം നന്നായി ബുദ്ധിമുട്ടിലായിരിക്കുന്ന സമയമായിരുന്നു, പ്രത്യേകിച്ച് മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ. സ്ഥിരമായി യാത്രകൾ പോയിരുന്ന ഞാനടക്കമുള്ളവർ കുറച്ചു നാളത്തേക്ക് വീടിനുള്ളിൽ ഒതുങ്ങിക്കൂടി. ഒടുവിൽ സുരക്ഷിതമായി യാത്രകൾ പോകാം എന്ന അവസ്ഥ വന്നപ്പോളാണ് നമ്മളൊക്കെ പുറത്തേക്ക് ഇറങ്ങിത്തുടങ്ങിയത്.
അങ്ങനെ ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം ഞാൻ വയനാട്ടിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്തു. എന്നോടൊപ്പം നമ്മുടെ ചങ്ക് ബ്രോ എമിലും ചേർന്നു. കൂടാതെ കൈരളി ഫോർഡ് ടെസ്റ്റ് ഡ്രൈവിനായി നൽകിയ ഫോർഡ് എന്ഡവരും കൂടെയുണ്ട്.
അങ്ങനെ ഞങ്ങൾ രാത്രിയോടെ എറണാകുളത്തു നിന്നും യാത്രയാരംഭിച്ചു. രാത്രിയായാൽ ആ റൂട്ടിൽ തിരക്ക് കുറവായിരിക്കും എന്നതിനാൽ കോഴിക്കോട് ഭാഗത്തേക്കുള്ള ഞങ്ങളുടെ യാത്രകൾ മിക്കവാറും രാത്രികളിലായിരിക്കും. പക്ഷെ ഇത്തവണ ഞങ്ങളെ കഠിനമായി പെയ്ത മഴ ചതിച്ചു. ഒടുവിൽ കോഴിക്കോട് ഒരു ഹോട്ടലിൽ തങ്ങി പിറ്റേന്ന് വയനാട്ടിലേക്ക് യാത്ര തുടരാമെന്ന് തീരുമാനിച്ചു.
പിറ്റേന്ന് രാവിലെ ഞങ്ങൾ വയനാട്ടിലേക്ക് യാത്ര തുടർന്നു. പൊതുവെ വണ്ടിപ്രാന്തനായ എമിൽ എൻഡവർ കൈയിൽ കിട്ടിയപ്പോൾ ശരിക്കങ്ങു ആസ്വദിച്ചു എന്നുവേണം പറയാൻ. വയനാട്ടിലേക്കുള്ള വഴിയിൽ പൊതുവെ വാഹനങ്ങൾ കുറവായിരുന്നതിനാൽ ഞങ്ങൾക്ക് വേഗത്തിലങ്ങു പോകുവാൻ സാധിച്ചു. താമരശ്ശേരി ചുരം കയറുന്നതിനു മുൻപായി കോഴിക്കോട് ജില്ലയിൽത്തന്നെയുള്ള തുഷാരഗിരിയിലേക്കുള്ള വഴിയിലേക്ക് ഞങ്ങൾ ചുമ്മാ സഞ്ചരിച്ചു.
കോടഞ്ചേരി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന, മഞ്ഞണിഞ്ഞ മലകൾ എന്ന് അർത്ഥം വരുന്ന തുഷാരഗിരി പശ്ചിമഘട്ടത്തിന്റെ താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. പ്രകൃതിസുന്ദരമായ ഇവിടെ മനോഹരമായ ഒരു വെള്ളച്ചാട്ടവുമുണ്ട്. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളാണ് തുഷാരഗിരി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. വെള്ളച്ചാട്ടത്തിന് ഏറ്റവും ശക്തിയുള്ളത് ഈ കാലയളവിലാണ്.
അവിടേക്കുള്ള വഴിയിൽ ചിപ്പിലിത്തോട് എന്ന സ്ഥലത്തുള്ള മനോഹരമായ ഒരു വ്യൂപോയിന്റിൽ വണ്ടി നിർത്തുകയും, അവിടെ കുറച്ചു സമയം കാഴ്ചകൾ കണ്ടുകൊണ്ട് ചെലവഴിക്കുകയുമുണ്ടായി. പോകുന്ന വഴിയിൽ ചെറിയ വെള്ളച്ചാട്ടങ്ങൾ വഴിയരികിൽ ഞങ്ങൾക്ക് കാണുവാൻ സാധിച്ചു. അങ്ങനെ ഞങ്ങൾ അവസാനം തുഷാരഗിരി പാലത്തിൽ എത്തിച്ചേർന്നു.
അവിടെ ഞങ്ങളെക്കൂടാതെ വേറെ ചിലരും കൂടി കാഴ്ചകൾ കാണുവാനായി എത്തിയിട്ടുണ്ടായിരുന്നു. തുഷാരഗിരിയെ വിശദമായി കാണുവാൻ ഇപ്പോഴത്തെ അവസ്ഥയിൽ സാധ്യമല്ലെങ്കിലും, പാലത്തിൽ നിന്നുള്ള കാഴ്ചകൾ അതിമനോഹരം തന്നെയായിരുന്നു. കുറച്ചു സമയം ഞങ്ങൾ അവിടെ ചെലവഴിച്ചു. പിന്നീട് ചെറിയ മഴയാരംഭിച്ചപ്പോൾ ഞങ്ങൾ അവിടെ നിന്നും തിരികെ താമരശ്ശേരി ചുരത്തിലേക്ക് യാത്രയായി.
താമരശ്ശേരി ചുരം കയറിത്തുടങ്ങിയപ്പോൾത്തന്നെ മഴപെയ്തു തുടങ്ങിയിരുന്നു. അല്ലെങ്കിലും താമരശ്ശേരി ചുരത്തിലൂടെ യാത്ര ചെയ്യുമ്പോൾ മഴക്കാലമാണ് നല്ലത്. മഴയും കോടമഞ്ഞും ചേർന്നുള്ള ആ അന്തരീക്ഷത്തിലൂടെ ചുരം കയറണം. യാത്ര കെഎസ്ആർടിസി ബസ്സിൽ ആണെങ്കിൽ ആ ഫീൽ വേറെ ലെവൽ ആകും. സംശയമുണ്ടെങ്കിൽ മഴയുള്ളപ്പോൾ നിങ്ങൾ ഇതുവഴി ഒന്ന് യാത്ര ചെയ്തു നോക്കൂ.
കനത്തമഴയിലും എമിൽ ഡ്രൈവിംഗ് നന്നായി എന്ജോയ് ചെയ്‌തുകൊണ്ടിരുന്നു. താമരശ്ശേരി ചുരം കയറി വയനാട് കവാടം എത്തുന്നതിനു മുൻപായുള്ള വ്യൂപോയിന്റിൽ ഞങ്ങൾ വണ്ടി നിർത്തി ഇറങ്ങി. വേറെ കുറച്ചാളുകളും ഞങ്ങളെപ്പോലെ കാഴ്ചകൾ കാണുവാൻ അവിടെ ഇറങ്ങിനിൽക്കുന്നുണ്ടായിരുന്നു. തിരക്കില്ലാതിരുന്നതിനാൽ വണ്ടി ചുരത്തിൽ പാർക്ക് ചെയ്യുവാൻ സാധിക്കുമായിരുന്നു. ചുരത്തിൽ ഒരു അഞ്ചു മിനിറ്റ് ചെലവഴിച്ച ശേഷം ഞങ്ങൾ വയനാട്ടിലേക്ക് കയറി.
വയനാട്ടിലെ ലക്കിടിയിലെ അബാദ് ബ്രൂക്സൈഡ് റിസോർട്ടിലായിരുന്നു ഞങ്ങൾ താമസം തയ്യാറാക്കിയിരുന്നത്. റിസോർട്ടിലേക്ക് ഓഫ്‌റോഡ് ആയതിനാൽ അവിടേക്ക് വരുന്ന ഗസ്റ്റുകളുടെ വാഹനങ്ങൾ ലക്കിടിയിൽ പാർക്ക് ചെയ്തതിനു ശേഷം അവരെ റിസോർട്ടുകാരുടെ വണ്ടിയിൽക്കയറ്റിയാണ് റിസോർട്ടിലേക്ക് കൊണ്ടുപോകുന്നത്. ഗസ്റ്റുകൾക്ക് വാഹനം പാർക്ക് ചെയ്യുവാനായി റിസോർട്ട് വക പാർക്കിംഗ് ഏരിയയും റോഡരികിൽത്തന്നെയായിട്ടുണ്ട്.
ഇനി അഥവാ ഗസ്റ്റുകൾ വരുന്ന വാഹനം ഓഫ്‌റോഡിനു അനുയോജ്യമാണെങ്കിൽ അതിൽത്തന്നെ നേരിട്ട് റിസോർട്ടിലേക്ക് പോകുകയും ചെയ്യാം. നമ്മുടെ കൈയിൽ ഇരിക്കുന്നത് ഫോർഡ് എൻഡവർ അല്ലേ? ഓഫ്‌റോഡ് ഒക്കെ ആശാൻ നന്നായി കൈകാര്യം ചെയ്തോളും. അതുകൊണ്ട് ഞങ്ങൾ എൻഡവറിൽത്തന്നെ റിസോർട്ടിലേക്ക് യാത്രയായി. ഹോ റിസോർട്ടിലേക്കുള്ള വഴി ഒന്നു കാണേണ്ടതു തന്നെയാണ്. മഴയും മഞ്ഞുമൊക്കെ ഒരു പ്രത്യേക ഫീൽ ആയിരുന്നു തന്നുകൊണ്ടിരുന്നത്. എമിലിന്റെ വാക്ക് കടമെടുത്തു പറഞ്ഞാൽ ഒരു ‘ആൽക്കഹോളിക് വെതർ…’
അങ്ങനെ ഞങ്ങൾ ഒടുവിൽ റിസോർട്ടിൽ എത്തിച്ചേർന്നു. അവിടെ ഒരു ഇന്നോവയും, ഫോർച്യൂണറും, പോളോയും കിടക്കുന്നുണ്ടായിരുന്നു. ഓഫ്‌റോഡ് കടന്നു വന്നിരിക്കുകയാണ് മച്ചാന്മാർ. ഒടുവിൽ അവർക്ക് കൂട്ടായി ഞങ്ങളുടെ എന്ഡവരും. റിസോർട്ട് ജീവനക്കാർ ഞങ്ങളുടെ ലഗേജുകൾ എല്ലാം സാനിട്ടൈസ് ചെയ്തു അണുവിമുക്തമാക്കി. ഒപ്പം ഞങ്ങളുടെ ടെമ്പറേച്ചർ പരിശോധിക്കുകയും, സാനിറ്റൈസ് ചെയ്യുകയും ചെയ്തു.
ചെക്ക് ഇൻ നടപടിക്രമങ്ങൾക്കു ശേഷം ഞങ്ങൾ ഞങ്ങൾക്കായി തയ്യാറാക്കിയിരിക്കുന്ന കോട്ടേജിലേക്ക് പോയി. മനോഹരമായ സ്ഥലത്തു തന്നെയായിരുന്നു ഞങ്ങളുടെ കോട്ടേജ്. തൊട്ടടുത്ത് ഒരു കാട്ടരുവി ഒഴുകുന്നു. കോവിഡ് കാരണം സ്വിമ്മിംഗ് പൂൾ ഓപ്പൺ അല്ലാതിരുന്നതിനാൽ കാട്ടരുവിയിൽ കുളിച്ചാലോ എന്ന് ഞാൻ ചുമ്മാ എമിലിനോട് ചോദിക്കുകയും ചെയ്തു. ഒരു ബിഗ് നോ ആയിരുന്നു ഉത്തരം. അല്ലപിന്നെ, ഈ തണുപ്പത്ത് ഐസ് പോലത്തെ വെള്ളമുള്ള അതിൽ കുളിച്ചാലുള്ള കാര്യം പറയണോ?
അങ്ങനെ ഇത്രയും ദൂരം യാത്ര ചെയ്തു വന്ന ക്ഷീണം അൽപ്പം വിശ്രമിച്ചു തീർക്കാമെന്നു കരുതി ഞങ്ങൾ കോട്ടേജിനകത്തേക്ക് തന്നെ കയറി. സത്യം പറയാമല്ലോ, വയനാട്ടിൽ വന്നിട്ട് ഇതുപോലെ സ്വസ്ഥമായി ഒന്നോ രണ്ടോ ദിവസം ചെലവഴിക്കുവാൻ പറ്റിയ ഒരു മികച്ച ചോയ്‌സ് ആണ് ഞങ്ങളിപ്പോൾ താമസിച്ച ലക്കിടിയിലെ അബാദ് ബ്രൂക്സൈഡ് റിസോർട്ട്. ഇതുപോലെ നിങ്ങൾക്കും താമസിക്കണമെന്നുണ്ടെങ്കിൽ റിസോർട്ടിന്റെ ബുക്കിംഗിനായി വിളിക്കാം: 9895704079, 9746411611.
The post മഴയും മഞ്ഞും നിറഞ്ഞ വയനാട്ടിലെ ലക്കിടിയിലേക്ക് ഫോർഡ് എൻഡവറിൽ… appeared first on Technology & Travel Blog from India.